ഇവിടെയുള്ള ഈ വെള്ളച്ചുവരുകൾ നിത്യവും ഞാൻ കാണാറുള്ളതാണ്. ഈ ഇടനാഴി എനിക്ക് എത്രയോ പരിചിതമാണ്. ദിനംപ്രതി ഒരുപാട് തവണ ചുവടുവയ്ക്കുന്നതാണെങ്കിലും തറ ഇപ്പോഴും മിനുസമുള്ളതായി തന്നെയാണുള്ളത്. ഇവിടെയെപ്പോഴും നല്ല തണുപ്പാണ്, ഒപ്പം മരുന്നുകളുടെയും, അണുനാശിനിയുടെയും കടുപ്പമുള്ള ഗന്ധവും. എങ്കിലും ഈ അന്തരീക്ഷം എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ ജീവിതത്തിൽ നല്ലൊരു പങ്കും ഈ ചുറ്റുപാടിലാണ് ഞാൻ ചിലവഴിക്കുന്നത്.. പക്ഷേ കുറച്ച് മണിക്കൂറുകളായി ഇവയൊക്കെയും എന്നെ വല്ലാതെ ആസ്വസ്തനാകുന്നു എന്നേ പേടിപ്പെടുത്തുന്നു. ഈ തണുപ്പിൽ ഞാൻ മരവിച്ചുപോവുകയാണ് ഇവിടെയുള്ള ഗന്ധം എന്നെ ശ്വാസം മുട്ടിക്കുകയാണ്.
നഴ്സിംഗ് സ്റ്റേഷന് മുകളിൽ സമയം ചുവന്ന അക്കങ്ങളിൽ തെളിഞ്ഞു നീങ്ങുമ്പോഴേക്കും ഞാനോടി ലിഫ്റ്റിലേക്ക് കയറി, ഗ്രൗണ്ട് ഫ്ലോറിലേക്ക് പോകേണ്ടതിന് പകരം മൂന്നാം നിലയിലേക്കുള്ള ബട്ടൺ അമർത്തി.
ഓരോ നിലയും കടന്ന് അങ്ങോട്ടേക്ക് എത്തുമ്പോൾ എന്റെ ഹൃദയമിടിപ്പ് അന്യോന്യം വർധിച്ചിരുന്നു. ഒപ്പം നിരവധി ചോദ്യങ്ങളും എന്റെ മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു.
അവസാനം ലിഫ്റ്റ് തുറന്ന് ആ ഇടനാഴിയിലൂടെ സഞ്ചരിച്ച എന്റെ കാൽച്ചുവടുകൾ കാർഡിയക് കെയർ യൂണിറ്റിന്റെ പുറത്ത് നിശ്ചലമായി. എന്നേ കണ്ടതും ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.
"എൽസ മോളേ...." നെഞ്ചിലാഴ്ത്തുന്ന രീതിയിൽ പതിഞ്ഞ സ്വരത്തിലുള്ള ആ വിളികേട്ട് ഒരുനിമിഷം ഞാൻ നേർത്തുപോയി.
ഡ്യുട്ടി കഴിഞ്ഞും ഞാനിവിടെ നില്കുന്നതിന്റെ കാരണം ഇവിടെ ബെഡ് നമ്പർ നാലിൽ അഡ്മിറ്റ് ചെയ്തിട്ടുള്ള ആ പേഷ്യന്റ് ആണ്. ഈ യൂണിഫോം അണിഞ്ഞു നിൽക്കുമ്പോൾ എന്റെ മുൻപിലുള്ള എല്ലാ രോഗികളും എനിക്ക് ഒരുപോലെയാണ്, യാതൊരു വൈകാരികതയോ ആത്മബന്ധമോ അവരോട് പാടില്ല. പക്ഷേ ഇന്നീ ബെഡിൽ കിടക്കുന്നത് റെക്കോർഡിലെ ഒരു കേസ് മാത്രമല്ല, ബാല്യകാലം മുതൽ, എന്റെ എല്ലാ സമയങ്ങളിലും എന്നോടൊപ്പം കൂട്ടുനിന്ന എന്റെ ആത്മസുഹൃത്താണ്, എന്റെ ജീവനാണ്... ഡെയ്സി. ഒരുപക്ഷേ വർഷങ്ങൾക്ക് മുൻപ് ആ യാമത്തിൽ അപ്പോളവൾ വന്നില്ലായിരുന്നുവെങ്കിൽ ഇന്ന് ഈ എൽസ മേരി ജോൺ ഇവിടെ ഉണ്ടാവില്ലായിരുന്നു. ഈ യൂണിഫോം അണിയാനായി ഉണ്ടാവില്ലായിരുന്നു. എല്ലാം ഒരു മുഴം കയറിൽ അവസാനിച്ചിരുന്നേനെ.
എത്രയെത്ര ജന്മങ്ങൾ ഇവിടെ തുടങ്ങുന്നതും അവസാനിക്കുന്നതും ഞാൻ കാണുന്നതാണ്. പക്ഷേ, അവൾക്കൊരിക്കലും ഈ അവസ്ഥ സംഭവിക്കരുതേ എന്നുമാത്രമായിരുന്നു എന്റെ പ്രാർത്ഥന. എന്റെ കാതുകളിലിപ്പോഴും അലയടിച്ചുകൊണ്ടിരിക്കുന്നത് മുഴുവൻ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്ക് മുൻപ്, അവളേ ചികിത്സിക്കുന്ന, ഡോക്ടർ സിദ്ധാർഥ് പറഞ്ഞ വാക്കുകളാണ്. ഞങ്ങളുടെ സൗഹൃദം വ്യക്തമായി അറിയാവുന്നതിനാലാവം, ഞങ്ങൾക്കിടയിൽ ഔദ്യോഗികത കടന്നുവന്നില്ല.
"എൽസ... തനിക്കറിയാമല്ലോ, ഞങ്ങൾ ചെയ്യാവുന്നതൊക്കെയും ചെയ്തു കഴിഞ്ഞു. താനവളുടെ ബെസ്റ്റ് ഫ്രണ്ടാണ്, അറിയാം. പക്ഷേ ഫാക്ട്സ് മറക്കരുത്. ഡയലേറ്റഡ് കാർഡിയോമയോപ്പതി, എൻഡ് സ്റ്റേജ്. വെൻട്രിക്കൽ തീരെ പമ്പ് ചെയ്യുന്നില്ല. ഇജക്ഷൻ ഫ്രാക്ഷൻ പത്തിൽ താഴെയാണ്, ദി മെഡിക്കേഷൻസ് ആർ നോ ലോങ്ങർ വർക്കിംഗ്. ഏറിയാൽ ഇനിയും മൂന്ന് ദിവസങ്ങൾ മാത്രം."
'കുറച്ചു ദിവസങ്ങൾ മാത്രം' ലോകത്തെ മികച്ച കാർഡിയോളജിസ്റ്റുകളിൽ ഒരാൾ എന്റെ ഡെയ്സിക്ക് എഴുതിയ കുറിപ്പ്. ആ വാചകം പിന്നെയും പിന്നെയും എന്റെ ചെവിയെ കൊട്ടിയടപ്പിച്ചു.
മനസ്സില്ല മനസ്സോടെയാണ് ഞാൻ യൂണിറ്റിന്റെ മുൻപിലേക്കെത്തിയത്. എന്നേ കണ്ടതും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു ജൂനിയർ നേഴ്സായ സ്നേഹ എഴുന്നേറ്റു.
.
"ചേച്ചി... ഡ്യൂട്ടി കഴിഞ്ഞോ?"
ആ പെൺകുട്ടിയുടെ ചോദ്യം കേട്ട് എന്റെ ശബ്ദം സ്ഥിരതയുള്ളതാക്കാൻ ഞാൻ വളരെ പ്രയാസം കൊണ്ടു. എന്റെ യൂണിഫോം ആവശ്യപ്പെടുന്ന ഗൗരവം മുഖത്തുണ്ടായിരിക്കണം. പക്ഷേ ഉള്ളിന്റെയുള്ളിൽ ഞാൻ തേങ്ങിക്കരയുകയാണ്.
"അതേ കഴിഞ്ഞു.. ഞാൻ ഡെയ്സിയെ ഒന്ന് കാണാനായി വന്നതാണിപ്പോൾ. അവളുടെ വൈറ്റൽസ് എങ്ങനെയുണ്ട്?"
സ്നേഹയുടൻ ഫയൽ എടുത്തുകൊണ്ടു വന്ന് എന്നേ കാട്ടി. അതിൽ എഴുതിയിരിക്കുന്ന വസ്തുതകൾ, അക്കങ്ങൾ എല്ലാം ഉറച്ച സത്യങ്ങൾ തന്നെയായിരുന്നു.
'NICM with Stage D Heart Failure. LVEF <10% via recent ECG. Patient exhibits minimal ventricular systolic function and is now refractory to OMT'
ഞാൻ ഡെയ്സിയുടെ അരികിലേക്കെത്തി. ഇവിടെ പൂർണ നിശബ്ദതയാണ്, അടിയ്ക്കടി യന്ത്രങ്ങളുടെ ബീപ് ശബ്ദം മാത്രം കേൾക്കാം. എത്രയോ കാൻവാസുകളിൽ നിറങ്ങൾ വാരിയെറിഞ്ഞ കൈകളാണിപ്പോൾ ചലനമറ്റ് കിടക്കുന്നത്, എത്രയോ കനവുക്കണ്ട കണ്ണുകളാണിപ്പോൾ അടഞ്ഞുകിടക്കുന്നത്. അവളേ ഒരു നിമിഷം നോക്കിയ ശേഷം ആദ്യമേതന്നെ എന്റെ ശ്രദ്ധ ആരുകിലുണ്ടായിരുന്ന മോണിറ്ററിലേക്കാണ് തിരിഞ്ഞത്. അതിലെ ചുവപ്പും പച്ചയും നിറത്തിലുള്ള നേർത്ത വരകൾ ഒരു നിശ്ചിത താളത്തിൽ ഉയർന്നും താഴ്ന്നും നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരു നേഴ്സ് ആയ എനിക്കറിയാം അവയ്ക്ക് നേർരേഖയിൽ സഞ്ചരിക്കാൻ അധികം സമയം വേണ്ടിവരില്ല. എന്റെ കൂട്ടുകാരിയുടെ ജീവൻ കേവലം ഗണിതശാസ്ത്രപരമായ കണക്കുകൾ മാത്രമായി ഇവിടെ ചുരുങ്ങുകയാണ്.
അവളുടെ അരികിലേക്ക് ചെന്ന് കുറച്ചുനേരം അവളുടെ മുഖത്തേക്ക് തന്നെ ഞാൻ നോക്കിയിരുന്നു. എത്ര സുന്ദരിയായിരുന്നു ഡെയ്സി. എത്രയെത്ര പയ്യന്മാരാണ് ചെറുപ്പത്തിൽ അവൾക്കുവേണ്ടി സ്കൂളിനരികിൽ കാത്തുനിന്നത്. പക്ഷേ എല്ലാമിന്ന്.... എല്ലാമിന്ന് മിഥ്യ മാത്രമായി ഇവിടെ അവസാനിക്കുന്നു. രേഷ്മയിന്ന് പൂർവ്വാധീനം സുന്ദരിയല്ല. കണ്ണുകൾ നന്നായി കുഴിഞ്ഞിട്ടുണ്ട്, മുഖം വിളറിവെളുത്തിട്ടുണ്ട്, ചുണ്ടുകൾ വരണ്ടുണങ്ങിയിട്ടുണ്ട്. ശരീരമാകെ വിവിധതരം ട്യൂബ്കളാലും വയറുകളാലും ബന്ധിപ്പിച്ചിരിക്കുന്നു. യഥാർത്ഥത്തിൽ അവളുടെ ജീവൻ മെഷീനുകളുടെ ഒരൗദാര്യമായി മാത്രം മാറുകയാണിപ്പോൾ.
ഞാനവളുടെ നെറ്റിയിൽ ഒന്ന് തലോടിയ ആ നിമിഷം എന്റെ പ്രൊഫഷണൽ മാസ്ക് അവിടെ അഴിഞ്ഞുവീണു. എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ അവളുടെ നെറ്റിയിൽ ഒരു മുത്തം നൽകി. എനിക്കിവിടെ കേവലം ഒരു നേഴ്സ് ആയല്ല മറിച്ച് ഡെയ്സിയുടെ കൂട്ടുകാരിയാവാൻ മാത്രമേ സാധിക്കുകയൊള്ളു. അവളുടെയാ കൈ ഞാനെന്റെ കൈകളിലെടുത്തു. അവ നന്നായി തണുത്തിട്ടുണ്ട്. അതിലൊരു ഐ.വി ലൈൻ ഓടുന്നുണ്ട്. ഈ തണുപ്പ് ഇതെന്തിന്റെ സൂചനയാണെന്ന് എനിക്കറിയാം.
"ഡെ.. ഡെയ്സി...." മറുപടിയില്ല. എങ്കിലും ഒരിക്കൽ കൂടി ഞാൻ വിളിച്ചുനോക്കി.
"ഡെച്ചു... " രക്ഷയില്ല, നല്ല മയക്കത്തിലാണ്. ഒരുപക്ഷേ അവളുടെ ആത്മവിപ്പോൾ തന്നെ ശരീരത്തിന്റെ അതിർത്തി കടന്നിട്ടുണ്ടാവുമോ എന്ന് വരെ ഞാൻ ചിന്തിച്ചു.
ഇന്നലെ വരേക്കും ഞങ്ങൾ സംസാരിച്ചതാണ്, കഥകൾ പറഞ്ഞതാണ്, തമാശകൾക്ക് ഒരുമിച്ചു ചിരിച്ചതാണ്. പക്ഷേ ഇന്നതെല്ലാം ഇവിടെ ഞാൻ മാത്രമായി ചുരുങ്ങുന്നു.
"നിനക്ക് ഓർമ്മയുണ്ടോ ചെറുപ്പത്തിൽ സൈക്കിളിൽ നിന്നും വീണ് പരിക്ക് പറ്റിയപ്പോൾ, ഞാൻ നിനക്ക് മരുന്ന് വെയ്ച്ചു തന്നത്? അന്ന് ഞാൻ ഡോക്ടറും നീ രോഗിയുമായി കളിക്കുമ്പോൾ നിന്റെ എല്ലാ അസുഖങ്ങളും ഞാൻ മാറ്റി തന്നത്?... പക്ഷേ.. ഇന്ന്... ഇന്നാർക്കുമൊന്നും ചെയ്യാൻ കഴിയണില്ലല്ലോ കർത്താവേ... "
ഒരിക്കൽ കൂടി എന്റെ കാതുകളിൽ ഡോക്ടർ പറഞ്ഞ ആ വാചകം അലയിട്ടു. "കുറച്ചു നാളുകൾ കൂടി.."
അപ്പോഴേക്കും സ്നേഹ ഇങ്ങോട്ടേക്ക് വരുന്നത് കണ്ട ഞാൻ എന്റെ കണ്ണുകൾ വേഗം തുടച്ചു. യാഥാർഥ്യം അംഗീകരിച്ചല്ലേ പറ്റൂ.
"നീ പേടിക്കണ്ട." ഞാൻ സ്വയം മന്ത്രിച്ചു. അതൊരിക്കലും രേഷ്മക്ക് വേണ്ടിയായിരുന്നില്ല. മറിച്ച് എന്റെ മനസ്സിനെ ഞാൻ സ്വയം ആശ്വസിപ്പിക്കുകയായിരുന്നു.
കുറച്ചു സമയം അവളോടൊപ്പം ചിലവഴിച്ച ശേഷം ഞാൻ പുറത്തേക്കിറങ്ങി. തിരികെയാ ഇടനാഴികയിലൂടെ നടന്നു ലിഫ്റ്റിനരികിലെത്തി എതിർവശമുള്ള സ്പടിക ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്നത്, ആകാശം നന്നേ ഇരുണ്ട് കിടക്കുന്നതാണ്. നല്ല മഴക്കുള്ള ലക്ഷണമുണ്ട്. ഒരുപക്ഷേ ഇന്നോ നാളെയോ ഈ മഴ നനയാൻ അവൾ ഉണ്ടാവില്ല. ആ സത്യം എന്റെ മനസ്സിനെ കുത്തിനോവിക്കുകയാണ്.
ആശുപത്രിയുടെ കവാടം കടന്ന് പുറത്തേക്ക് എത്തുന്നതിനുമുൻപ് ഒരിക്കൽക്കൂടി ഞാൻ റിസപ്ഷന് മുകളിലുള്ള ക്ലോക്കിലേക്ക് ശ്രദ്ധിച്ചു. കഴിഞ്ഞുപോകുന്ന ഓരോ നിമിഷങ്ങളും ഡെയ്സിയുടെ ജീവിതത്തിൽ നിന്നും പറന്നുപോകുന്ന പൂമ്പാറ്റകളാണ്. നാളെ അവളുടെ പിറന്നാളാണ്. വെറും മുപ്പത്തിയഞ്ച് വർഷമാണ് ദൈവം അവൾക്കായി ഈ ഭൂമിയിൽ അനുവദിച്ചിരുന്നത് എന്ന് തോന്നുന്നു. മറക്കില്ല ഞാനൊരിക്കലും, എനിക്ക് ജീവനുള്ളടുത്തോളം. അത്രയേറെ പ്രിയപ്പെട്ടവളായിരുന്നു എനിക്കവൾ, എന്റെ ഡെയ്‌സി.
കർത്താവായ യേശുവേ, അങ്ങ് കുരിശിൽ മരിച്ചപ്പോൾ 'പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു' എന്ന് പ്രാർത്ഥിച്ചുവല്ലോ. ആ വചനത്തിൽ ആശ്രയിച്ചുകൊണ്ട്, കാരുണ്യവാനായ ദൈവമേ, അങ്ങയുടെ മകളായ ഡെയ്‌സിയെ അങ്ങയുടെ സന്നിധിയിലേക്ക് അടുപ്പിക്കണമേ. ഈ ലോകത്തിലെ ക്ലേശങ്ങളിൽ നിന്നും അവളെ മോചിപ്പിച്ച്, അങ്ങയുടെ സ്വർഗ്ഗീയ ഭവനത്തിൽ നിത്യമായ വിശ്രമം നൽകണമേ. അങ്ങയുടെ തിരുരക്തത്താൽ അവളെ കഴുകി വെടിപ്പാക്കി, മാലാഖമാരോടും വിശുദ്ധരോടും ഒപ്പം അങ്ങയെ സ്തുതിക്കുവാൻ അവളെ യോഗ്യയാക്കണമേ. അങ്ങയുടെ സ്‌നേഹത്തിലും കരുണയിലും അവളെ ചേർത്തുപിടിക്കണമേ. ആമേൻ...
