ഞാനിരിക്കുന്നതിന് നേരെ എതിർ വശമുണ്ടായിരുന്ന സീറ്റിൽ കാണാൻ നല്ല ഭംഗിയുള്ളയൊരു പെൺകുട്ടിയും അവളുടെ അമ്മയും ഇരിപ്പുണ്ടായിരുന്നു. ആള് ഒരു നോട്ട്ബുക്കും പെൻസിലുമെടുത്ത് എന്തോ വരക്കുന്നതിൽ മുഴുകിയിരിക്കുകയാണ്. ചുറ്റുമുള്ളതൊന്നും കാര്യമാകാതെ വളരെ ഗൗരവത്തോടെ വരയ്ക്കുന്ന അവളെ ഞാൻ കൗതുകത്തോടെയാണ് നോക്കിയത്. എന്തോ ആ കുട്ടിയുടെ മുഖത്ത് ഒരു നിഷ്കളങ്കമായ ഭാവം ഞാൻ കണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോഴാണ് അവളുടെ കൈയിലുണ്ടായിരുന്ന പെൻസിൽ താഴേക്ക് വീണ് എന്റെ സീറ്റിനടിയിലേക്ക് ഉരുണ്ട് വന്നത്. അത് ശ്രദ്ധയിൽ പെട്ട ഞാൻ അത് തിരികെയെടുത്തു കൊടുക്കുമ്പോൾ അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
ട്രെയിൻ അടുത്ത സ്റ്റോപ്പിൽ എത്തിയപ്പോൾ ടി.ടി.ഇ ഞങ്ങളുടെ അടുത്തേക്ക് വന്ന് പുറത്തേക്കും നോക്കിയിരിക്കുന്ന ആ പെൺകുട്ടിയെ വിളിക്കുകയുണ്ടായി. അവൾ അനങ്ങിയതേയില്ല. അവളുടെ അമ്മയോ നല്ല ഉറക്കത്തിലും. അദ്ദേഹം ആ കുട്ടിയെ തട്ടി വിളിച്ചപ്പോൾ പെട്ടന്നവൾ തിരിഞ്ഞ് അമ്മയെ ഉണർത്തുകയുണ്ടായി. അപ്പോഴാണ് ഞാൻ ആ കാര്യം തിരിച്ചറിഞ്ഞത്, അവളും ഒരു മിണ്ടാപ്രാണിയാണ്. അമ്മയോട് അവൾ സംസാരിക്കുന്നതെല്ലാം ആംഗ്യത്തിലൂടെയാണ്.
കുറച്ചു നേരത്തിനു ശേഷം എന്റെ ടിക്കറ്റും ചെക്ക് ചെയ്തശേഷം ടി.ടി.ഇ തിരികെ പോയി. ഇതറിഞ്ഞതുമുതൽ എനിക്കെന്തോ ആ പെൺകുട്ടിയോട് വല്ലാത്തൊരു സഹതാപം തോന്നിത്തുടങ്ങി. അവളോട് വെറുതെ ഒന്ന് സംസാരിക്കണം എന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. പെട്ടന്നാണ് ആ ബുദ്ധി തോന്നിയത്.
ഞാൻ എന്റെ കൈയിലുണ്ടായിരുന്ന ഒരു ഡയറിയിൽ 'കുട്ടിയുടെ പേരെന്താ?' എന്നെഴുതി അവളുടെ നേരെ നീട്ടി. യാതൊരു മടിയും കൂടാതെ അവൾ അത് വാങ്ങി വായിച്ചശേഷം അതിൽ അവളുടെ പേരെഴുതി ഒരു ചിരിയോടുകൂടി എന്നെ തിരികെ ഏല്പിച്ചു.
'പാർവ്വതി' സത്യത്തിൽ ആ പേര് വായിക്കുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി, അനുജത്തിയുടെ അതെ പേര്. അവളും ഈ കുട്ടിയെപോലെതന്നെയായിരുന്നു, ഒരു മിണ്ടാപ്രാണി. ഇന്നവളുണ്ടായിരുന്നെങ്കിൽ ഏതാണ്ട് ഈ പെൺകുട്ടിയുടെ പ്രായം ഉണ്ടാകുമായിരുന്നു. എൻ്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടിട്ടാവാം എന്തുപറ്റി എന്നവൾ എന്നോട് ചോദിച്ചു. ഞാൻ ഒന്ന് പുഞ്ചിരിച്ചു, ശേഷം ഒന്നുമില്ല എന്ന് തലയാട്ടി. അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു. അക്ഷരങ്ങളിലൂടെയും ആംഗ്യത്തിലൂടെയും ഒരുപാട് സംസാരിച്ചു. ഇത്രപെട്ടെന്ന് ഞങ്ങൾ തമ്മിൽ കൂട്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവൾ വരച്ച ചിത്രങ്ങളെല്ലാം എന്നെ കാണിക്കുകയുണ്ടായി. എത്രമനോഹരമാണ് അവ, ചിലതൊക്കെ ജീവൻ തുടിക്കുന്നാതായിരുന്നു. അവളോടൊപ്പം ചിലവഴിച്ചപ്പോൾ എനിക്കെന്തോ എൻ്റെ പാർവതിയെ തിരികെ കിട്ടിയതുപോലെ തോന്നി. ഈ യാത്ര ഒരിക്കലും അവസാനിക്കല്ലേ എന്ന് ഞാൻ ഒരു നിമിഷം മനസ്സിൽ പ്രാർത്ഥിച്ചു. അവസാനം ട്രെയിൻ ഗുരുവായൂരപ്പന്റെ മണ്ണിൽ എത്തുമ്പോഴേക്കും എന്റെയൊരു ചിത്രം വരച്ച് അവൾ എനിക്ക് നൽകുകയുണ്ടായി. ആ പെൺകുട്ടിയുടെ കൈകളിൽ നിന്ന് എനിക്ക് ലഭിച്ച ആ സമ്മാനം, വെറുമൊരു ചിത്രം മാത്രമായിരുന്നില്ല അത് അതിരുകളില്ലാത്ത ഒരു സൗഹൃദത്തിന്റെ അടയാളം കൂടിയായിരുന്നു. ആ നിമിഷം ഈ യാത്ര വെറുമൊരു യാത്രയായിരുന്നില്ല, മറിച്ച് ഹൃദയങ്ങളെ തമ്മിൽ രൂപാന്തരപ്പെടുത്തിയ ഒരു സ്നേഹബന്ധത്തിൻ്റെ തുടക്കമായിരുന്നു ഇതെന്നത് ഞാൻ തിരിച്ചറിഞ്ഞു. ചില സൗഹൃദങ്ങൾ അങ്ങനെയാണ്, യാദൃശ്ചികമായി സംഭവിക്കുന്നതാവാം അവ പലപ്പോഴും പക്ഷേ എന്നെന്നേക്കുമായി മനസ്സിൽ ഇടം നേടുകയും ചെയ്യും. പാർവ്വതി, എന്റെ അനുജത്തിയെപോലെയൊരു കുട്ടി, അല്ല അവൾ തന്നെ. അവളുടെ ആ പുഞ്ചിരി, എന്റെ ഓർമ്മകളിൽ ഒരു മായാത്ത ചിത്രമായി എന്നുമുണ്ടാകും. ഒരിക്കലും കാലം മായ്ക്കാത്ത ഒരു ഓർമ്മച്ചിത്രം...!!
